കോട്ടയം: മലയാളികളുടെ വലിയ ആഘോഷമായ ഓണത്തെ വരവേല്‍ക്കാന്‍ ഇത്തവണയും കുടുംബശ്രീ ഒരുക്കങ്ങള്‍ നേരത്തെ ആരംഭിച്ചു. മുന്‍വര്‍ഷങ്ങളിലെ പോലെ പച്ചക്കറി, പൂക്കൃഷികള്ക്കാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തിരുവോണം, അവിട്ടം, ചതയം ദിനങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ ഓണസദ്യക്കു വന്‍ ഡിമാൻഡായിരുന്നു. ഇതോടൊപ്പം ഉപ്പേരി, ശര്‍ക്കര വരട്ടി എന്നിവയുടെ വില്പനയും പായസ മേളയും കുടുംബശ്രീയ്ക്കു വലിയ നേട്ടമുണ്ടാക്കിയിരുന്നു.
ഓണക്കനി എന്ന പേരിൽ പച്ചക്കറി കൃഷിയും നിറപ്പൊലിമ എന്ന പേരിൽ പൂക്കൃഷിയും ഒരുക്കുന്നു. ജില്ലയിലെ 78 സിഡിഎസുകളുടെയും നേതൃത്വത്തില്‍ ഏകദേശം 1200 ഏക്കര്‍ സ്ഥലത്തു പച്ചക്കറി കൃഷിയും 125 ഏക്കറില്‍ പൂക്കൃഷിയുമാണ് ചെയ്യുന്നത്.
പയര്‍, വെണ്ട, പടവലം, പാവല്‍, വെള്ളരി, പീച്ചിങ്ങ, തക്കാളി, മത്തങ്ങ, കുമ്പളങ്ങ തുടങ്ങിയ വിവിധയിനം പച്ചക്കറികളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കുടുംബശ്രീയുടെ വിവിധ പ്ലാന്റ് നഴ്സറികളില്‍ നിന്നും കൃഷിവകുപ്പിന്റെ നഴ്സറികളില്‍നിന്നുമാണ് കര്‍ഷകര്‍ക്കു തൈകള്‍ ലഭ്യമാക്കുന്നത്. കുടുംബശ്രീയുടെ പ്ലാന്റ് നഴ്സറി ശൃംഖലയായ ജൈവിക പ്ലാന്റ് നഴ്സറികളുടെ ശക്തീകരണവും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. തൈ ഉത്പാദനത്തിന്റെ പ്രാരംഭ ചെലവുകള്‍ക്കായി ഓരോ നഴ്സറിക്കും ബന്ധപ്പെട്ട സിഡിഎസുകള്‍ മുഖേന 25,000 രൂപ വീതം പലിശരഹിത വായ്പയും അനുവദിക്കുന്നുണ്ട്.
പൂക്കൃഷിയില്‍ ആദ്യ ഘട്ടത്തില്‍ പ്രധാനമായും ബന്ദി പ്പൂക്കൃഷിക്കാണ് മുന്‍ഗണന നല്‍കുന്നത്. ഓണക്കാലത്ത് ഏറെ ആവശ്യക്കാരുള്ള മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ബന്ദിപ്പൂക്കളാണ് കൂടുതല്‍ ഉത്പാദിപ്പിക്കുന്നത്.
വിളവെടുക്കുന്ന വിഷരഹിത പച്ചക്കറികള്‍ ഓണച്ചന്തകളിലുടെയാണ് വിറ്റഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ ഏകദേശം 14,000 ഏക്കര്‍ സ്ഥലത്താണ് കുടുംബശ്രീ കര്‍ഷകര്‍ കൃഷി ചെയ്യുന്നത്. 12,000 ഏക്കറില്‍ പച്ചക്കറി കൃഷിയും 2,000 ഏക്കറില്‍ പൂക്കൃഷിയുമാണ് നടത്തുന്നത്.